അമേരിക്കയുടെ ഏകാധിപത്യം അനുവദിക്കില്ല; ഉത്തര കൊറിയക്ക് പിന്തുണയുമായി ക്യൂബ

ഹവാന: കൊറിയന്‍ പെനിന്‍സുലയുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കങ്ങളില്‍ ഉത്തരകൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യൂബയും. വിഷയത്തില്‍ അമേരിക്ക നടത്തുന്നത് ഏകാധിപത്യ നിലപാടുകാളെണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഉത്തരകൊറിയയും ക്യൂബയും വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഹവാനയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

ജനങ്ങളുടെ പരമാധികാരത്തെ മാനിച്ച് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടത്. ആയുധങ്ങള്‍ ബലപ്രയോഗത്തിലൂടെ കീഴടക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ ശാശ്വത പരിഹാരത്തിന് അമേരിക്ക മുന്‍കൈ എടുക്കണമെന്നും ക്യൂബ ആവശ്യപ്പെട്ടു.

ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തലാക്കണമെന്ന അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം നിലനില്‍ക്കെയാണ് ക്യൂബ പരസ്യ പിന്തുണ നല്‍കിയത്. ആണവായുധ പരീക്ഷണത്തിന് എതിരാണെങ്കിലും കൊറിയന്‍ പെനിന്‍സുലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തര കൊറിയയെ അനുകൂലിക്കുന്നതിലൂടെ അമേരിക്കന്‍ നയങ്ങളെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയാണ് ക്യൂബ. യു.എസിനെ തകര്‍ക്കാന്‍ ശേഷിയുള്ള ആണവായുധം ഉത്തര കൊറിയയുടെ കൈവശം ഉണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ക്യൂബയുടെ പരസ്യ പിന്തുണ എന്നതും ശ്രദ്ദേയമാണ്.

അതെ സമയം 1960 മുതല്‍ കൊറിയന്‍ ദ്വീപുമായി ഊഷ്മളമായ രാഷ്ട്രീയ ബന്ധം ക്യൂബയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ആണവായുധ പ്രയോഗത്തില്‍ നിന്നും അമേരിക്കയ്ക്ക് എതിരായ യുദ്ധ ഭീഷണിയില്‍ നിന്നും ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ ക്യൂബയ്ക്ക് കഴിയുമെന്നാണ് കമ്യൂണിസ്റ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.