സിംബാബ്‌വെ പ്രസിഡന്റായി ‘നന്‍ഗഗ്വ’ നാളെ അധികാരമേല്‍ക്കും;33 വര്‍ഷം നീണ്ട മുഗാബെ ഭരണത്തിന് അന്ത്യം

ഹരാരെ:മുപ്പത്തിയേഴ് വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്‌സന്‍ നന്‍ഗഗ്വ നാളെ സിംബാബ്വെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. വിദേശത്ത് ഒളിവിലായിരുന്ന നന്‍ഗ്വഗ കഴിഞ്ഞ ദിവസമാണ് ഹരാരെയില്‍ തിരിച്ചെത്തിയത്.

നഗര വീഥികളിലെല്ലാം നന്‍ഗഗ്വയുടെയും സേനാ മേധാവി കോണ്‍സ്റ്റാന്റിനോ ഷിവെംഗയുടെയും പോസ്റ്ററുകളാല്‍ നിറഞ്ഞിരിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുത്തിയ മുഗാബെ ഭരണം അവസാനിച്ച സന്തോഷത്തിലാണ് ജനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം പുനര്‍നിര്‍മ്മിക്കുക എന്ന ഉത്തരവാദിത്തമാണ് നന്‍ഗഗ്വയെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് നന്‍ഗഗ്വ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മുഗാബെയെ അട്ടിമറിച്ച് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് 93-കാരനായ റോബര്‍ട്ട് മുഗാബെയ്ക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഭരണകക്ഷിയായ സാനു- പിഎഫിന്റെ നേതൃത്വസ്ഥാനത്ത് നിന്ന് മുഗാബയെ പുറത്താക്കിയിരുന്നു.