കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനെ ചവിട്ടിക്കൊന്ന് കൊലകൊമ്പന്‍; വൈറല്‍ വീഡിയോ

പശ്ചിമ ബംഗാളിലെ ദേശീയ പാതയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ദേശീയപാതക്കരികില്‍ അക്രമാസക്തനായ കാട്ടാനയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാധിക് റഹ്മാനാണ് (40) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ദേശീയ ഹൈവേ-31 ല്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊമ്പനെ കണ്ടതോടെ സാധിക് വാഹനത്തിനുള്ളില്‍ നിന്നിറങ്ങി ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടിലേക്ക് മറയുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സാധിക് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

ഈ പ്രദേശത്ത് കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കാറുണ്ടെന്നും ആ സമയത്ത് ആളുകള്‍ വാഹനം നിര്‍ത്തി അവയ്ക്കു പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്യാറാണ് പതിവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച് സാധിക് പുറത്തിറങ്ങിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.

വീഡിയോ: