മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എട്ടു വയസുകാരിക്ക് തുണയായി വനിതാ കമ്മീഷന്‍

ഡല്‍ഹി ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എട്ടു വയസുകാരിക്ക് തുണയായി വനിതാ കമ്മീഷന്‍. കുട്ടി ലഹരിക്ക് അടിമയാണെന്ന് ആരോപിച്ചായിരുന്നു മാതാപിതാക്കളുടെ കൊടും ക്രൂരത. എന്നാല്‍ രക്ഷപ്പെടുത്തുമ്പോള്‍ കുട്ടി സംസാരിക്കാന്‍ പോലും പറ്റാത്തത്ര അവശയായിരുന്നു എന്ന് അധികൃതര്‍ പറയുന്നു.

മെട്രോക്ക് സമീപമുള്ള ചേരിയില്‍ തന്നെയാണ് കുട്ടികളടക്കം 11 പേരുള്ള ഈ കുടുംബം താമസിക്കുന്നത്. കുട്ടിയുടെ അമ്മ ഗര്‍ഭിണി കൂടിയാണ്. ഈ പെണ്‍കുട്ടിയടക്കം പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികള്‍ ഈ കുടുമ്പത്തിനുവേണ്ടി ഭിക്ഷാടനം നടത്തുന്നുണ്ട്. ഒരു ദിവസം മുന്നൂറ് രൂപയോളം ഇങ്ങനെ കിട്ടുമെന്ന് കുട്ടികള്‍ പറയുന്നു.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അതെന്നും അച്ഛന്‍ ലഹരിക്ക് അടിമയാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറയുന്നു. പോലീസിന്റെ സഹായത്തോടെയാണ് കമ്മീഷന്‍ കുടുംബത്തോട് സംസാരിക്കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തത്. കുട്ടികളെ ഈ കുടുംബത്തില്‍നിന്നും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. രാജ്യതലസ്ഥാനത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.