ഈജിപ്തില്‍ മുസ്ലീം പള്ളിയില്‍ ഭീകരാക്രമണം ; 230 പേര്‍ കൊല്ലപ്പെട്ടു
സിനായ് : ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും 230 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.സിനായില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ അല്‍ബെദ് നഗരത്തിലെ അല്‍ റവ്ദ പള്ളിയിലാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ അറിഷിലും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണം.
സ്‌ഫോടനത്തിന് ശേഷം നാല് അക്രമികള്‍ പള്ളിക്ക് സമീപം വെടിവയ്പും നടത്തി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ജിഹാദി പോരാളികളാകാമെന്നാണ് കരുതുന്നത്. ആദ്യം പള്ളിയ്ക്ക് നേരെ ബോംബാക്രമണം നടത്തുകയും പിന്നീട് ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. ഇസ്ലാമിക് നേതാവായിരുന്ന മൊഹമ്മദ് മുര്‍സിയെ 2013ല്‍ സൈന്യം അട്ടിമറിച്ചതു മുതലാണ് ഈജിപ്തില്‍ ഭീകരവാദം ശക്തമായത്. സംഭവത്തെത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി അടിയന്തര യോഗം വിളിച്ചു.