മദ്യം നല്‍കി കൂട്ട ബലാത്സംഗം: ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബീഞ്ഞോയ്ക്ക് 9 വര്‍ഷം തടവ്

മിലാന്‍: കൂട്ട ബലാത്സംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവു ശിക്ഷ. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013-ല്‍ മിലാന്‍ നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ റോബിഞ്ഞോയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇരയായ യുവതിക്ക് 71000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. യുവതിയോടൊപ്പമിരുന്ന് മദ്യപിച്ചശേഷം റോബീഞ്ഞോയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. 2015 ല്‍ റോബിഞ്ഞോ എസി മിലാന്‍വിട്ടു. പിന്നീട് റോബിഞ്ഞോയുടെ അഭിഭാഷകനാണ് താരത്തിനായി കോടതിയില്‍ ഹാജരായിരുന്നത്.

33കാരനായ റോബീഞ്ഞോ നിലവില്‍ ബ്രസീല്‍ ക്ലബ് അത്ലറ്റികോ മിനീറോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. കേസില്‍ രണ്ടു തവണ അപ്പീല്‍ നല്‍കാന്‍ റോബിഞ്ഞോയ്ക്ക് അവസരമുണ്ട്. ഇതും നിരസിക്കപ്പെട്ടാല്‍ മാത്രമെ താരത്തെ വിട്ടുകിട്ടാന്‍ ഇറ്റലി ആവശ്യപ്പെടുകയുള്ളു.എന്നാല്‍ ബ്രസീലും ഇറ്റലിയും തമ്മില്‍ കുറ്റവാളികളെ കൈമറുന്ന കരാര്‍ നിലവിലില്ല. അതുകൊണ്ടുതന്നെ അപ്പീല്‍ തള്ളിപ്പോയാല്‍പ്പോലും മൂന്നാമതൊരു രാജ്യത്തുവെച്ചു മാത്രമെ റോബീഞ്ഞോയെ അറസ്റ്റ് ചെയ്യാന്‍ ഇറ്റലിക്ക് കഴിയുകയുള്ളു.