ഉറങ്ങുന്ന സുന്ദരിയെ ചുംബിച്ചുണര്‍ത്തുന്ന കഥ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണോ; പെണ്‍കുട്ടികളെ സമ്മതമില്ലാതെ ചുംബിക്കാമെന്നല്ലേ കഥ പറയുന്നത്; വാദവുമായി വീട്ടമ്മ

മന്ത്രവാദിനിയുടെ ശാപം മൂലം ഉറക്കിത്തിലാണ്ട് പോയ രാജകുമാരിയെ രാജകുമാരന്‍ ചുംബനത്തിലൂടെ ഉണര്‍ത്തിയ കഥ പരിചിതമല്ലാത്തവര്‍ ചുരുക്കമാകും. ലോകമെമ്പാടും പ്രചാരത്തിലുള്ള ഉറങ്ങുന്ന സുന്ദരി എന്ന ആ പഴങ്കഥക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ലണ്ടനിലെ ഒരു വീട്ടമ്മ. ഇത്തരം ചിത്രകഥകള്‍ പഠിപ്പക്കുന്നത് ആണ്‍കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് ഈ അമ്മയുടെ വാദം. ലണ്ടനിലെ സാറ ഹാള്‍ എന്ന വീട്ടമ്മയാണ് ഈ കഥക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം കഥകള്‍ സ്‌കൂളില്‍ പഠിപ്പിക്കുകയാണെങ്കില്‍ ആണ്‍കുട്ടികളുടെ ലൈംഗിക പെരുമാറ്റത്തിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് അമ്മ പറയുന്നു. കാരണം ചെറുപ്പം മുതലെ ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ ചുംബിക്കാം എന്നാണല്ലോ കഥയിലൂടെ കുട്ടികള്‍ മനസ്സിലാക്കുന്നത്. ചെറുപ്പത്തില്‍ മനസ്സില്‍ പതിയുന്ന കഥകള്‍ കുട്ടികളെ ആഴത്തില്‍ സ്വാധീനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 

അതെ സമയം സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കഥയെ കഥയായി കണ്ടാല്‍ പോരെയെന്നുചിലരും സാറയുടെ വാദത്തില്‍ കഴമ്പില്ലേ എന്നു മറുകൂട്ടരും ചോദിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.