പദ്മാവതി’ പ്രധിഷേധ തീയടങ്ങുന്നില്ല; രാജസ്ഥാനില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
ജയ്പുര്‍:വിവാദമായ ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നഹര്‍ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള പാറകളില്‍ സിനിമയ്‌ക്കെതിരെയുള്ള വാചകങ്ങളും എഴുതിവച്ചിട്ടുണ്ട്. ഒരു പാറയില്‍ ‘പദ്മാവതിയെ എതിര്‍ത്ത്’ എന്നും മറ്റൊന്നില്‍ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. അതേസമയം, സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാള്‍ ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ സംഭവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് സിനിമക്കെതിരെ വ്യാപക പ്രതിഷേധവുമായി ആദ്യം മുതല്‍ക്കേ രംഗത്തുള്ള കര്‍ണി സേന അറിയിച്ചു. ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നു ബി.ജെ.പി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബി.ജെ.പി നേതാവ് വൈഭവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും നമ്മള്‍ ഒരു ജനാധിപത്യത്തിലാണു ജീവിക്കുന്നതെന്നു വിശ്വസിക്കാനാകുന്നില്ലെന്നും സംവിധായകന്‍ ശ്യാം ബെനഗല്‍പ്രതികരിച്ചു.
അതിനിടെ, പ്രതിഷേധക്കാര്‍ ഡല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിച്ചു. പദ്മാവതി സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും കാട്ടി രജപുത്ര സംഘടനകളും ചില ബി.ജെ.പി നേതാക്കളും ചില സംസ്ഥാനങ്ങളും സിനിമയ്ക്ക് എതിരാണ്. ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
രജപുത്ര രാജ്ഞിയായ പദ്മാവതിയും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഒരു സ്വപ്നത്തിലായി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. ഇതിനെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തുള്ളത്. എന്നാല്‍ അങ്ങനെയൊരു സീന്‍ ഇല്ലെന്നു സംവിധായകന്‍ ബന്‍സാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.