നാഗ്പൂര്‍ ടെസ്റ്റ്:ലങ്കയെ 205 റണ്‍സിലൊതുക്കി ആദ്യ ദിനം മേല്‍ക്കൈ നേടി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മേല്‍ക്കൈ സ്വന്തമാക്കി ഇന്ത്യ.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണിങ് ജോഡികള്‍ക്കായില്ല.20 റണ്‍സ് ആയപ്പോഴേക്കും ലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്ത് ശര്‍മയാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.പിന്നീട് കൃത്യമായ ഇടവേളകളില്‍ ലങ്കയുടെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളം പിടിച്ചു.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കരുണ രത്‌ന-ചണ്ഡിമല്‍ കൂട്ടുക്കെട്ട് കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് ലങ്കയെ രക്ഷിക്കവേ 51 റണ്‍സെടുത്ത കരുണ രത്‌നയെ പുറത്താക്കി ഇഷാന്ത് പിന്നെയും ലങ്കയ്ക്ക് പ്രഹരമേല്‍പ്പിച്ചു.പിന്നീട് വന്നവര്‍ക്കൊന്നും നിലയുറപ്പിക്കാന്‍ കഴിയാതെ പോയതോടെ ലങ്ക ചെറിയ സ്‌കോറിലൊതുങ്ങി. ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ്(57) ലങ്കയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍മാരായ ആര്‍.അശ്വിനും, രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ച വെച്ചു.അശ്വിന്‍ നാല് ലങ്കന്‍ വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഇഷാന്തും,ജഡേജയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11-ന് 1 എന്ന നിലയിലാണ്.7 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.