ഐഎസ്എല്‍ ആവേശം; ഗോവയില്‍ നിന്ന് കിട്ടിയത് നോര്‍ത്ത് ഈസ്റ്റിനിട്ടു കൊടുത്ത് ചെന്നൈ എഫ്സിക്ക് മൂന്നു ഗോള്‍ ജയം
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിക്ക് സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം. ആദ്യമല്‍സരത്തിലെ തോല്‍വി തങ്ങളെ ബാധിച്ചിട്ടില്ല എന്ന് തെളിയിച്ച പ്രകടനമാണ് ചെന്നൈ സ്വന്തം തട്ടകത്തില്‍ പുറത്തെടുത്തത്.
ഗോവയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ മൂന്നെണ്ണം ഇങ്ങോട്ടു വാങ്ങിയ ചെന്നൈ ഇത്തവണ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ പോസ്റ്റില്‍ എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടിയ മത്സരം.മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ലഭിച്ച അവസരങ്ങള്‍ ഗോളാക്കിയതാണ് മുന്‍ജേതാക്കളായ ചെന്നൈയിന് മികച്ച വിജയം സമ്മാനിച്ചത്.
മലയാളി താരം മുഹമ്മദ് റാഫി, റാഫേല്‍ എന്നിവര്‍ ചെന്നൈയിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മല്‍സരത്തിലെ ആദ്യ ഗോള്‍ നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി താരം അബ്ദുല്‍ ഹക്കുവിന്റെ ദാനമായിരുന്നു. മല്‍സരത്തിന്റെ പതിനൊന്നാം മിനിട്ടില്‍ റാഫേല്‍ തൊടുത്ത ഷോട്ട് ഹക്കുവിന്റെ ശരീരത്ത് തട്ടി ഗോളാകുകയായിരുന്നു. ഇരുപത്തിനാലാം മിനിട്ടില്‍ റാഫേല്‍ ലക്ഷ്യം കണ്ടതോടെ ചെന്നൈയിന്‍ 2-0ന് മുന്നിലെത്തി. നോര്‍ത്ത്ഈസ്റ്റ് പ്രതിരോധത്തിലെ വിള്ളലാണ് റാഫേല്‍ മുതലാക്കിയത്. മല്‍സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെയാണ് റാഫിയുടെ ഗോള്‍ പിറന്നത്. മൂന്നു ഗോള്‍ ജയത്തോടെ ചെന്നൈ ഗോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.ആദ്യ മല്‍സരത്തില്‍ സമനിലയില്‍ കുടുങ്ങിയ നോര്‍ത്ത്ഈസ്റ്റ് ഒരു പോയിന്റുമായി ലീഗില്‍ എട്ടാമതാണ്
മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള നോര്‍ത്ത്ഈസ്റ്റിന്റെ ശ്രമം മല്‍സരം ആവേശകരമാക്കി. ഹീറോ ഓഫ് ദ മാച്ച് ആയി ചെന്നൈയിന്‍ സൂപ്പര്‍താരം റാഫേല്‍ അഗസ്റ്റോയെ തെരഞ്ഞെടുത്തു.