സേലത്തെ ഓട്ടോക്കാര്‍ക്കെതിരെ മലയാളിയുടെ പരാതി പോയത് അമേരിക്കന്‍ പൊലീസിന്; സംഭവം അന്താരാഷ്ട്ര പ്രശ്‌നമായി; വൈറലായി മലയാളിയുടെ ട്വീറ്റ്

ചെന്നൈ: തമിഴ്നാട്ടിലെ സേലം പോലീസിന് ലഭിക്കേണ്ട പരാതിയാണ് പക്ഷെ പരാതി നേരെ പോയത് അമേരിക്ക ഓറിഗണിലെ സേലം പോലീസിന്.പരാതിക്കാരന്റേത് വലിയ അന്താരാഷ്ട്ര പ്രശ്‌നമൊന്നുമില്ല. ഒന്നരക്കിലോമീറ്റര്‍ ഓടാന്‍ ഓട്ടോക്കാര്‍ 50 രൂപ ഈടാക്കുന്നെന്നതാണ് പരാതി.

കൊച്ചി സ്വദേശിയായ അരുണാനന്ദ് എന്ന യാത്രക്കാരനാണ് യേര്‍ക്കാടിലെ ഓട്ടോറിക്ഷക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന പരാതി ട്വിറ്ററിലൂടെ ഉന്നയിച്ചത്.സേലം പോലീസ്, തമിഴ്നാട് മുഖ്യമന്ത്രി, ദിനകരന്‍ ഓണ്‍ലൈന്‍, ദിനതന്തി എന്നിവരെ ടാഗും ചെയ്തു. പക്ഷെ ടാഗ് ചെയ്ത സേലം പോലീസ് മാറിപ്പോയാണ് പരാതി അമേരിക്കന്‍ പൊലീസിന് ലഭിച്ചതിനു പിന്നിലെ കാരണം. തമിഴ്നാട്ടിലെ സേലം പോലീസിനു പകരം ഓറിഗണിലെ സേലം പോലീസ് ഡിപ്പാര്‍ട്മെന്റിനെയാണ് അരുണാനന്ദ് അറിയാതെ ടാഗ് ചെയ്തത്. നവംബര്‍ 20 നായിരുന്നു അരുണാനന്ദിന്റെ ട്വീറ്റ്.

എന്തായാലും ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്തിയ പരാതി അമേരിക്കയിലെ സേലം പോലീസ് പരിഗണിക്കുക തന്നെ ചെയ്തു. ഞങ്ങള്‍ ഓറിഗണിലെ സേലം പോലീസ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള മറുപടി അരുണാനന്ദിന് നല്‍കുകയും ചെയ്തു.

അരുണാനന്ദിന്റെ ട്വീറ്റിനും അതിനോടുള്ള സേലം പോലീസിന്റെ മറുപടിയും ട്വിറ്ററില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബെംഗളൂരുവില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ ഡി രൂപ ഐ പി എസ് ഉള്‍പ്പെടെയുള്ളവര്‍ അരുണാനന്ദിന്റെ ട്വീറ്റിനോടും ഒറിഗണ്‍ പോലീസിന്റെ മറുപടിയോടും ചിരിക്കുന്ന ഇമോജികളുമായി പ്രതികരിച്ചിട്ടുണ്ട്.