തിരുവനന്തപുരത്ത് ക്വാറി അപകടം: ഒരാള്‍ മരിച്ചു;നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം:തിരുവനന്തപുരത്ത് പാറമടിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാറശ്ശാല കുന്നത്തുകാലിലെ ക്വാറിയിലാണ് ദുരന്തമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ജോലിക്കാരും വാഹനങ്ങളുമെല്ലാം ഇതിന് അടിയില്‍ പെട്ടുപോവുകയായിരുന്നു. വാഹനമോടിച്ചിരുന്ന സേലം സ്വദേശിയായ സതീഷാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസും ഫയര്‍ ഫോഴ്‌സുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോട്ടയ്ക്കല്‍ സ്വദേശിയായ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ പാറമട.

ഈ മേഖലകലില്‍ നിരവധി പാറമടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ നാട്ടുകാര്‍ നേരത്തേ തന്നെ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ അപകടമുണ്ടായ ക്വാറിക്കെതിരേയും നേരത്തേ പ്രതിഷേധമുയര്‍ന്നിരുന്നു.മതിയായ അംഗീകാരമോ ലൈസന്‍സോയില്ലാതെയാണ് ഈ പാറമട പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.