അഭിമുഖം വളച്ചൊടിച്ചു ; ജോണ്‍ ബ്രിട്ടാസിനും കൈരളിചാനലിനും എതിരെ നടി മീരാ വാസുദേവ്
അവതാരകന് ജോണ്‍ ബ്രിട്ടാസിനും കൈരളിചാനലിനും എതിരെ ആരോപണങ്ങളുമായി നടി മീരാ വാസുദേവ് രംഗത്ത്. താന്‍ ചാനലിനു നല്കിയ അഭിമുഖം വളച്ചൊടിച്ചു താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഇപ്പോഴുള്ള വീഡിയോ പുറത്തു വിട്ടത് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും മീര ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് മീര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മോഹന്‍ലാല്‍-ബ്ലസ്സി ചിത്രമായ തന്മാത്രയില് നഗ്നയായി അഭിനയിക്കേണ്ട രംഗമുണ്ടായതിനാല് മറ്റ് നടിമാര്‍ വേണ്ടെന്നു വെച്ച വേഷം ഏറ്റെടുക്കാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്ന് മീര ഷോയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെപ്പോലെ അനുഗ്രഹീതനായ ഒരു നടന് ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കൂടെ അഭിനയിക്കാന്‍ തനിക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളുവെന്നും നടി പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്റെ വാക്കുകളെ വളച്ചൊടിച്ച് എരിവും പുളിയും ചേര്‍ത്ത് ക്ലിപ്പിങ്ങുകള്കൊപ്പം പുറത്തു വിടുകയായിരുന്നെന്നാണ് നടിയുടെ ആരോപണം. ഷോയില്‍ പങ്കെടുക്കാമെന്ന് വാക്ക് കൊടുത്തതുകൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്നെ താന്‍ മുഴുവന്‍ കാര്യങ്ങളും തുറന്നു സംസാരിച്ചിരുന്നുവെന്നും മീര പറയുന്നു. പ്രോഗ്രാം റേറ്റിംഗ് കൂട്ടാന്‍ വേണ്ടി അവര്‍ എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മീര പറഞ്ഞു.