ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതിയുമായി തോമസ് ചാണ്ടി
കൊച്ചി : ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ തനിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയ ഹൈക്കോടതി ജഡ്ജിക്കെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. താന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി പരാതി നല്‍കിയിരിക്കുന്നത്. സീനിയര്‍ ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശം.തനിക്കെതിരെ ഹാജരായ അഭിഭാഷകനാണ് ഇദ്ദേഹമെന്നും തോമസ് ചാണ്ടി പരാതിയില്‍ പറയുന്നു. മുമ്പ് മാത്തൂര്‍ ദേവസ്വത്തിന്റെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തനിക്കെതിരെയുള്ള കേസില്‍ ഹാജരായിട്ടുണ്ടെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജഡ്ജിയുടെ വാക്കും പ്രവൃത്തിയും പക്ഷപാതപരമാണെന്നും താനുമായി ബന്ധമുള്ള കേസുകളിൽ ഇതേ ജഡ്ജിയെ ഒഴിവാക്കണമെന്നും തോമസ് ചാണ്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്തൂര്‍ ദേവസ്വത്തിനെതിരെ 2010 ല്‍ തന്റെ ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്‍ രാമചന്ദ്രനായിരുന്നു. അഞ്ച് കേസുകളാണ് 2010 ല്‍ തന്റെ ബന്ധുക്കള്‍ മാത്തൂര്‍ ദേവസ്വത്തിനെതിരെ നല്‍കിയിരുന്നത്. അവയില്‍ ദേവന്‍ രാമചന്ദ്രന്‍ മാത്തൂര്‍ ദേവസ്വത്തിനുവേണ്ടി ഹാജരായിരുന്നുവെന്നാണ് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.