ഓടുന്ന ബസ്സിനുള്ളില്‍ യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊന്നു;മൊബൈല്‍ കാണാതായതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണമെന്ന് ദൃക്സാക്ഷികള്‍

ദില്ലി:രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസിനുളില്‍ യുവാവിനെ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊന്നു. 20 കാരനായ യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ലാജ്പത് നഗറില്‍ വച്ചാണ് കൊല്ലപ്പെട്ട യുവാവ് ബസില്‍ കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് ആശാറാം ചൗക്കിലെത്തിയപ്പോള്‍ അഞ്ചോ ആറോ വിദ്യാര്‍ഥികള്‍ ബസില്‍ കയറി. ഇവര്‍ 13നും 16നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എല്ലാവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

അധികം വൈകാതെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും ഈ വിദ്യാര്‍ഥികളായിരിക്കാം എടുത്തതെന്നും യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന്റെ പേരില്‍ വിദ്യാര്‍ഥികളും യുവാവും തമ്മില്‍ വാഗ്വാദം മൂര്‍ച്ചിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി യുവാവിന്റെ കഴുത്തറുത്തത്. ഒരു കുട്ടി ഇയാളെ പിടിച്ചുവച്ചപ്പോള്‍ മറ്റുള്ളവരും യുവാവിനെ കുത്തി. തുടര്‍ന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് നിര്‍ത്തിച്ച ശേഷം വിദ്യാര്‍ഥികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ബസിനുള്ളില്‍ വച്ച് തന്നെ മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു.

വിദ്യാര്‍ഥികള്‍ യുവാവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ല. ഇവ കണ്ടെത്താനും വിദ്യാര്‍ത്ഥികളെ പിടികൂടാനുമുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശത്തെ 15 ഓളം സ്‌കൂളിലെത്തി വിവരം ശേഖരിച്ചതായി പോലീസ് പറയുന്നു.