അന്യജാതിക്കാരനുമായി പ്രണയത്തിലായി; വിദ്യാര്‍ത്ഥിനിയെ പിതാവ് തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു നെലമംഗലയില്‍ അന്യജാതിക്കാരനുമായി പ്രണയത്തിലായതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ലക്ഷ്മീ ദേവി(15) നെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22 ആണ് കേസിനാസ്പദമായ സംഭവം.

മൂന്നുമാസം മുന്‍പ് ലക്ഷ്മീ നാരായണ എന്ന യുവാവുമായി പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് തിരികെയെത്തിരുന്നു. ഇതേ തുടര്‍ന്ന് യുവാവിനെ ഇനി കാണരുതെന്ന് പെണ്‍കുട്ടിയെ പിതാവ് താക്കീത് ചെയ്തിരുന്നു. ഇത് അനുസരിക്കാതിരുന്നപ്പോഴാണ് കൊലപാതകമെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചതായും ഇയാള്‍ പോലീസിന് മൊഴിനല്‍കി.

ആഴ്ചകളോളം പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന സമീപവാസികള്‍ ത്യാമഗൊണ്ടള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാന കൊല പുറത്തുവന്നത്.