കലിപ്പാണെന്നൊക്കെ പറഞ്ഞിട്ട് ഗോളടിക്കാന്‍ എന്തേ വൈകുന്നു ബ്ലാസ്റ്റേഴ്സ്? കപ്പടിക്കാന്‍ ഈ കളി മതിയാവില്ല

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്‍ഡ്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം മല്‍സരത്തില്‍, കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് എഫ്സിയും, ജാംഷെഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടിയപ്പോള്‍ സ്റ്റേഡിയത്തെ മഞ്ഞക്കടലില്‍ മുക്കിയ ആരാധകര്‍ യോനീ ആശിച്ചുള്ളു, സീസണിലെ ആദ്യ ഗോള്‍ പിറക്കണം.. കളി ജയിക്കണം എന്ന്.

കഴിഞ്ഞ തവണ ഫൈനലില്‍ തോല്‍പ്പിച്ച കൊല്‍ക്കത്തയുമായുള്ള സീസണിലെ ആദ്യ മത്സരം വിരസമായതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സില്‍ നിന്ന് ആരാധകര്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചു. അതില്‍ അവരെ തെറ്റ് പറയാനാകില്ല. കാരണം ഇത്രയേറെ ആരാധകരുള്ള മറ്റൊരു ക്ലബും ഐഎസ്എല്ലില്‍ ഇല്ല.പന്ത് കൈയ്യടക്കുന്നതില്‍ കേരളം 63 ശതമാനം മുന്‍പിലായിരുന്നുവെങ്കിലും ജാംഷെഡ്പൂരിനു ആറ് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ആതിഥേയര്‍ക്ക് ഒരെണ്ണം പോലും ലഭിച്ചില്ലെന്നത് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര വേണ്ടത് പോലെ മിന്നിക്കളിച്ചില്ല എന്ന് വ്യക്തമാക്കും.

റച്ചൂബ്ക്കയും ജിങ്കാനും മാത്രം..

ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല സൂക്ഷിപ്പുകാരന്‍ പോള്‍ റബൂച്ക തന്നെയായിരുന്നു ഇത്തവണയും കേരളത്തിന് രക്ഷകനായത്.ക്യാപറ്റന്റെ കളി കളിച്ച സന്ദേശ് ജിങ്കാനാണ് ഏറ്റവും മികച്ച പ്രതിരോധം തീര്‍ത്തത്. ഗോള്‍ തിരഞ്ഞ് കളിക്കളത്തിലിറങ്ങിയ ലീഗിലെ നവാഗതരായ ജാംഷെഡ്പൂരിന് ഗോള്‍ നേടാന്‍ ലഭിച്ച നിരവധി സുവര്‍ണ്ണാവസരങ്ങള്‍, റബൂച്കയുടെ സുരക്ഷിതമായ കരങ്ങളിലൊതുങ്ങിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ കുറഞ്ഞത് മൂന്നു ഗോളിനെങ്കിലും ബ്ലാസ്റ്റേഴ്സ് തോല്‍ക്കുമായിരുന്നു എന്ന് ഏത് ആരാധകനും സമ്മതിക്കും.

പതിഞ്ഞ തുടക്കം

ഇരു ടീമുകളും കരുതലോടെയാണ് മല്‌സരമാരംഭിച്ചത്. ലോങ്ങ് റേഞ്ചര്‍ ഷോട്ടുകള്‍ക്ക് മാത്രമായിരുന്നു ഇരു ടീമും തുടക്കത്തില്‍ മുതിര്‍ന്നത്. മൂന്നാം മിനിറ്റില്‍ സി.കെ. വിനീതിനെ സൗവിക് ചക്രവര്‍ത്തി ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് കേരള ടീമിന് മുന്നേറ്റത്തിന് ഒരു അവസരം നല്‍കി. അതിന് മറുപടിയായി ജാംഷെഡ്പൂരിന്റെ താരം ജെറിയുടെ മുന്നേറ്റം. തെട്ടടുത്ത മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. ഏഴാം മിനിറ്റില്‍ ബോക്‌സിനു പുറത്ത് വലതുവശത്ത് പെസിച്ചിന്റെ ടാക്ലിങ്ങിനെ തുടര്‍ന്ന് ജാംഷെഡ്പൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് എടുത്ത സൗവിക് ഘോഷിന് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം മറി കടക്കാനായെങ്കിലും പന്ത് പോള്‍ റചൂബ്കയുടെ കൈകളിലെത്തി.

10-ാം മിനിറ്റിലാണ് കേരളത്തിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ഇയാന്‍ ഹ്യൂമിന്റെ സുന്ദരമായ ഒരു ക്രോസ് സ്വീകരിച്ച സി.കെ. വിനീതിന്റെ, ഹെഡ്ഡറിലൂടെ ഗോള്‍ വലയനക്കുന്നതിനുളള ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പാളി. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു യത്നത്തില്‍ കേരള താരം ലാല്‍റുവാത്താര കോര്‍ണര്‍ ഫ്‌ളാഗിനു സമീപത്തു നിന്നും ഡ്രിബിള്‍ ചെയ്തു നല്‍കിയ പാസ് ലഭിച്ചത് ബെര്‍ബാറ്റോവിന്. എന്നാല്‍ ഇന്ത്യന്‍ ടീമംഗം കൂടിയായ അതിപ്രഗത്ഭനായ ഗോളി സുബ്രതോ പോളിനെ കീഴടക്കി പന്ത് ഗോള്‍ പോസ്റ്റ് കടത്തുന്നതിന് അദ്ദേഹത്തിനായില്ല. പന്ത് സുബ്രതോയുടെ കയ്യില്‍ നിന്നും വഴുതിയെങ്കിലും ആ അവസരം ഗോളാക്കി മാറ്റുന്നതിന് കേരളത്തിന്റെ ആരും ആ സ്ഥാനത്തുണ്ടായിരുന്നില്ല.

അര്‍ദ്ധ പകുതിയുടെ അന്ത്യത്തില്‍, ബെല്‍ഫോര്‍ട്ടിനെ ജിങ്കന്‍ ഫൗള്‍ ചെയ്തതിന് റഫറി വിധിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ പര്യാപ്തമായിരുന്നു. കിക്കെടുത്തത് കാര്‍പ്പറ്റ് ഡ്രൈവിലൂടെ മെമോ. ശക്തമായ ഷോട്ട് സമചിത്തതയോടെ ഡൈവ് ചെയ്ത് റചൂബ്ക കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് കൊണ്ട് ജെറി വീണ്ടും റചൂബ്കയെ പരീക്ഷിച്ചുവെങ്കിലും അദ്ദേഹത്തെ മറി കടന്ന് ഗോള്‍ കുറിയ്ക്കാനായില്ല.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും കുറേക്കൂടി കരുതലോടെയുളള സമീപനമാണ് പിന്തുടര്‍ന്നത്.

58-ാം മിനിറ്റില്‍ ദിമിത്ര്‍ ബെര്‍ബാറ്റോവിനെ ഫൗള്‍ ചെയ്തതിന് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീകിക്ക് ഇയാന്‍ ഹ്യൂം പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ഗോളിയെ പരീക്ഷിക്കാന്‍ മാത്രം കരുത്തില്ലായിരുന്നു ആ ഷോട്ടിന്. 67-ാം മിനിറ്റില്‍ വീണ്ടും ഫൗളിനെ തുടര്‍ന്നു വീണ്ടും ഇതേ പൊസിഷനില്‍ ഫ്രീ കിക്ക്. ഇയാന്‍ ഹ്യൂമിന് വീണ്ടും ലക്ഷ്യം തെറ്റിയതോടെ ഹ്യൂം പുറത്തേക്ക് പോയി മാര്‍ക്ക് സിഫിനോസ് എത്തി.

അവസാന മിനിറ്റുകളില്‍, ഇരുപക്ഷങ്ങള്‍ക്കും ഗോള്‍ ദാരിദ്ര്യം മറികടക്കുന്നതിനുളള ആവേശം കുറേക്കൂടി ശക്തമായി. 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫറൂഖ് ചൗധരിയുടെ ഷോട്ട് ഗോള്‍ പോസ്റ്റ് കടക്കുന്നില്ലെന്ന് റചൂബ്ക ഉറപ്പാക്കി. മറുവശത്ത്, അടുത്ത മിനിറ്റില്‍ ബെര്‍ബാറ്റോവിന്റെ പാസില്‍ പെര്‍ക്യൂസന്റെ ഷോട്ട് തടുത്തു കൊണ്ട് ജാംഷെഡ്പൂര്‍ ഗോള്‍കീപ്പര്‍ സുബ്രതാ കേരളത്തിന് ഗോള്‍ നിഷേധിച്ചു. 80-ാം മിനിറ്റില്‍ ബികാഷ് ജെയ്‌റുവിന്റെ, ഗോള്‍മുഖത്തിനു വിലങ്ങനെ വന്ന അപകടകരമായ പാസ് കണക്ട് ചെയ്യാന്‍ ജാംഷെഡ്പൂര്‍ കളിക്കാര്‍ ഇല്ലാതെ പോയത് കേരളത്തിന് രക്ഷയായി.

90-ാം മിനിറ്റില്‍ ട്രിന്‍ഡാഡ് ഗോണ്‍കാല്‍വ്സ് നല്‍കിയ പാസ്, പന്ത് ഗോള്‍ വലയിലെത്തിയെന്ന് തോന്നിപ്പിക്കുന്ന സമര്‍ത്ഥമായൊരു ഹെഡ്ഡറാക്കി കെവന്‍സ് ബെല്‍ഫോര്‍ട്ട് രൂപാന്തരപ്പെടുത്തി. എന്നാല്‍, ഗോള്‍ വല കാക്കാന്‍ താന്‍ അതി സമര്‍ത്ഥനാണെന്നു പോള്‍ റചൂബ്ക ഒന്നുകൂടി തെളിയിച്ചു. അതി വിദഗ്ദ്ധമായി ആ ബോള്‍ റച്ചൂബ്ക കുത്തിയകയറ്റിയപ്പോള്‍ അതുവരെ ആര്‍പ്പുവിളികളോടെയിരുന്ന ഗ്യാലറിയിലെ മഞ്ഞക്കടല്‍ ഒരേ പോലെ ദീര്‍ഘനിശ്വാസമുതിര്‍ത്തു.

പിന്നെ ഏവരും കാത്തത് അവസാന വിസിലിനായി. ഗോള്‍മഴ കാണാന്‍ ആര്‍ത്തലച്ചെത്തിയ മഞ്ഞക്കടലിനു വീണ്ടും നിരാശ മാത്രം.