സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് ഹാദിയ ഇന്ന് ദില്ലിയിലേക്ക്
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ദില്ലിയിലേക്ക് തിരിക്കും. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛന്‍, അമ്മ എന്നിവരും ഹാദിയക്കൊപ്പമുണ്ടാകും. സുപ്രീംകോടതിയില്‍ 27-ന് ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു .പിതാവ് കെ.എം. അശോകനോട്, സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മറ്റന്നാള്‍ ദില്ലിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഹാദിയയെ വിമാനത്തില്‍ ദില്ലിയിലെത്തിക്കുമെന്ന് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരുന്നു. ഹാദിയ കേസ് വരുന്ന 27-നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 27-ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുക. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്.
ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു.