പാക്കിസ്ഥാനില്‍ കലാപം വ്യാപിക്കുന്നു ; ഒരു മരണം ; ടിവി ചാനലുകള്‍ക്കു വിലക്ക്

ലാഹോര്‍ : പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം രൂക്ഷമായി. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്വകാര്യ ചാനല്‍ അടക്കം സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗതാഗതം തടസപ്പെട്ടതും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്കു വീണതോടെയും ലാഹോര്‍ ഒറ്റപ്പെട്ടു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വകാര്യ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് ആക്റ്റില്‍ വരുത്തിയ മാറ്റങ്ങളാണ് പാക് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേല്‍പ്പിക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് തീവ്രപക്ഷ പാര്‍ട്ടിക്കാരുടെ പ്രതിഷേധം. തെഹ്രീക് ഐ ഖതം ഐ നബുവത്ത്, തെഹ്രിക് ഐ ലാബിയക് യാ റസൂല്‍ അല്ലാദ്, സുന്നി തെഹ്രീക് പാകിസ്താന്‍ എന്നീ സംഘനകളാണ് സമര രംഗത്തുള്ളത്. നിയമന്ത്രി സാഹിദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇസ്‌ലാമാബാദ് എക്‌സപ്രസ് ഹൈവെ ഉപരോധിക്കുകയാണ്.

ഉപരോധം തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാരെ നീക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ മൗനം പാലിച്ചതോടെ ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങി. ഇതോടെ ബലപ്രയോഗത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസും സൈന്യവും രംഗത്തെത്തിയതോടെ ലാഹോറിലെ തെരുവുകള്‍ യുദ്ധസമാനമായി.