ഭര്‍ത്താവിനൊപ്പം ജീവിക്കണം; ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല; നീതി ലഭിക്കണം-ഹാദിയ മാധ്യമങ്ങളോട്
മാധ്യമങ്ങളോട് വികാര നിര്‍ഭരമായി പ്രതികരിച്ച് ഹാദിയ. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം.ആരും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല. ഞാനൊരു മുസ്ലിമാണ്. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്കു പോകാനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.
ഈ മാസം 27-ന് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് പിതാവ് അശോകനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കനത്ത സുരക്ഷ വലയത്തിലാണ് ഹാദിയയുടെയും പിതാവിന്റെയും യാത്ര. അഞ്ചു പൊലീസുകാര്‍ ഹാദിയക്ക് സുരക്ഷക്കായി ഒപ്പംതന്നെയുണ്ടാകും.
നേരത്തെ ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇതു റദ്ദാക്കുകയായിരുന്നു. ഡല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസില്‍ തങ്ങുമെന്നാണ് ഒടുവിലത്തെ വിവരം.
ഹാദിയ- ഷെഫിന്‍ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.ഹാദിയയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപെട്ടാണ് ഷെഫിണ് സുപ്രീം കോടതിയെ സമീപിച്ചത്.