സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച് സ്മിത്ത്; ലീഡ് സ്വന്തമാക്കി ആസ്ട്രേലിയ

ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിന് നേരിയ ലീഡ്.ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഓസീസിനെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഉജ്വല സെഞ്ച്വറിയാണ് കരകയറ്റിയത്.സ്മിത്തിന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 302 നെതിരെ ഓസ്‌ട്രേലിയ 328 റണ്‍സിന് പുറത്തായി, ക്യാപറ്റന്‍ സ്മിത്ത് (141 ) പുറത്താകാതെ നിന്നപ്പോള്‍ ഷോണ്‍ മാര്‍ഷ് (51), പാറ്റ് കുമ്മിന്‍സ് (42) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

മറുപടി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 33 എന്ന നിലയിലാണ്.സ്‌കോര്‍: ഇംഗ്ലണ്ട് 302, രണ്ടിന് 33, ഓസീസ് 328. നാലിന് 165 എന്ന നിലയില്‍ മൂന്നാം ബാറ്റിംഗ് ആരംഭിച്ച ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ മാര്‍ഷിനെ നഷ്ടമായി. പിന്നീടെത്തിയ ടിം പെയ്‌നി (13), മിച്ചല്‍ സ്റ്റാര്‍ക്ക് (6) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കുമ്മിന്‍സ് ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി.

എട്ടാം വിക്കറ്റില്‍ സ്മിത്ത് കുമ്മിന്‍സിനൊപ്പം ചേര്‍ത്ത 66 റണ്‍സിന്റെ പര്‍ണര്‍ട്ഷിപ്പ് ഓസിസ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചു.326 പന്തുകള്‍ നേരിട്ട സ്മിത്ത് 14 ഫോറുകള്‍ ഉള്‍പ്പെടെയാണ് 141 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് മൂന്നും ആന്‍ഡേഴ്‌സണ്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓസീസ് ലീഡ് മറികടക്കും മുന്‍പ് തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കുക്ക് (7), ജെയിംസ് വിന്‍സ് (2) എന്നിവരെയാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായിരിക്കുന്നത്.രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ജോഷ് ഹാസില്‍വുഡാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ഏഴ് റണ്‍സിന്റെ ലീഡാണുള്ളത്.