ഹാദിയക്ക് മാനസിക വിഭ്രാന്തിയെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന്‍. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയാണ്. അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ യാത്രക്കിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. മാതാപിതാക്കളോട് മോശമായാണ് പെരുമാറിയത്. ഇക്കാര്യമെല്ലാം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിലൂടെ ഹാദിയ കേസില്‍ നിര്‍ണ്ണായക നീക്കങ്ങളാണ് ഹാദിയയുടെ പിതാവ് അശോകന്‍ നടത്തിയത്.

സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവളാണ് ഹാദിയ എന്നായിരിക്കും കോടതിയില്‍ അശോകന്‍ വാദിക്കുക എന്നതിന്റെ സൂചനയാണ് അഭിഭാഷകന്റെ പ്രതികരണം. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാദിയ താന്‍ മുസ്ലീം ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും പറഞ്ഞിരുന്നു. ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കരുനീക്കങ്ങളുമായി അശോകനെത്തുന്നത്.

നേരത്തെ എന്‍.ഐ.എയോടും ഹാദിയ ഇക്കാര്യം വ്യക്തമാക്കുകയും എന്‍.ഐ.എ ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് ഹാദിയക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കുക.