സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു ; മൃതദേഹത്തിന്‍റെ പേരില്‍ പിടിവലി കൂടി സിപിഐഎമ്മും ബിജെപിയും ; നാളെ ഹര്‍ത്താല്‍
കയ്പമംഗലത്ത് സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. 45 വയസായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന അവകാശവാദവുമായി സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയത് . സംഘര്‍ഷസാധ്യത കൂടുവാന്‍ കാരണമായി. മൃതദേഹത്തിന് അവകാശം സ്ഥാപിക്കാന്‍ സിപിഐഎമ്മുകാര്‍ സതീശന്റെ വീട്ടിലും ബിജെപിക്കാര്‍ ആശുപത്രിയിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് കയ്പമംഗലത്ത് സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുകൂട്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. നെഞ്ചില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് തളര്‍ന്ന് അവശനായ സതീശനെ തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കയ്പമംഗലത്ത് കുറച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മരണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം നിയോജക മണ്ഡലം, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മര്‍ദ്ദനമേറ്റ് മരിച്ച സതീശന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷാണ് അറിയിച്ചത്. എന്നാല്‍ സതീശന്‍ സി പി എം പ്രവര്‍ത്തകനായിരുന്നു എന്നാണു സിപിഐഎം പറയുന്നത്.