സ്വഞ്ചറിയില്‍ കോലിക്ക് റെക്കോര്‍ഡ് ; പിന്നിലാക്കിയത് റിക്കി പോണ്ടിങ്ങിനെ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പുതിയ ഒരു റെക്കോര്‍ഡ്. മുരളി വിജയ്(128), ചേതേശ്വര്‍ പൂജാര(121) എന്നിവരുടെ സെഞ്ച്വറികള്‍ക്ക് പിന്നാലെ കോലിയും സെഞ്ച്വറി നേടി. ഈ വര്‍ഷം കോലി നേടുന്ന പത്താമത്തെ സെഞ്ച്വറിയാണിത്. ഇതോടെയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകന്‍ എന്ന നേട്ടം കോലി സ്വന്തമാക്കിയത്. ഇതോടെ ഒമ്പത് സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിങ്ങിനെയാണ് കോലി പിന്തള്ളിയത്. മൂന്നാം ദിനം ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്നിന് 404 എന്ന നിലയിലാണ്. കോലിക്കൊപ്പം അജിങ്ക്യ രഹാനയാണ് ക്രീസില്‍. സെഞ്ച്വറി നേടിയ പൂജാര 143 റണ്‍സിന് പുറത്തായിരുന്നു.
ശ്രീലങ്കയെ ആദ്യ ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 199 റണ്‍സിന്റെ ലീഡുണ്ട്.രണ്ടിന് 312 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്നത്. രണ്ടാം വിക്കറ്റില്‍ പൂജാര-മുരളി വിജയ് സഖ്യം 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലങ്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പുലര്‍ത്തിയത്. മല്‍സരത്തിന്റെ ഒരുഘട്ടത്തില്‍പ്പോലും ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഹെറാത്തിന്റെ പന്തില്‍ പുറത്താകുമ്പോള്‍ മുരളി വിജയ് 221 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെയാണ് 128 റണ്‍സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം സെഞ്ച്വറിയാണ് മുരളി വിജയ് സ്വന്തമാക്കിയത്.