പിണറായി വന്നു എല്ലാം ശരിയായി ; കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലില്‍ രാജവാഴ്ച്ച എന്ന് റിപ്പോര്‍ട്ട്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലില്‍ രാജവാഴ്ച്ച എന്ന് റിപ്പോര്‍ട്ടുകള്‍. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലിനകത്ത് രാജകീയ ജീവിതമാണ്. ഒരു പണിയുമെടുക്കാതെ, മൃഷ്ടാന്ന ഭോജനം കഴിച്ച്, ക്വട്ടേഷന്‍ പണി പോലും മുടക്കമില്ലാതെ തീര്‍ത്താണ് കൊടി സുനിയുടെ ജയില്‍ ജീവിതം. സാധാരണ ശിക്ഷിക്കപ്പെട്ട ജയില്‍ പുള്ളികള്‍ ചെയ്യേണ്ട ജോലികളില്‍ നിന്നെല്ലാം കൊടി സുനിയെ ജയില്‍ അധികൃതര്‍ ഒഴിവാക്കുകയാണ് എന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുപ്രതികളെയെല്ലാം വിവിധ ജോലികള്‍ക്കായി നിയോഗിക്കുമ്പോഴാണ് സുനി ഉള്‍പ്പെടെയുള്ള ചില തടവുകാരെ ഒഴിവാക്കുന്നത്. കൃഷി, ശുചീകരണം, പാചകം തുടങ്ങിയ ജോലികളാണ് തടവുകാരെ ഏല്‍പ്പിക്കാറ്. ഇരുപതുവര്‍ഷത്തിലധികമായി ജയില്‍ശിക്ഷയനുഭവിക്കുന്നവരെയും അറുപതു വയസ്സിന് മുകളിലുള്ളവരെയും ഇത്തരത്തില്‍ ജോലികള്‍ക്കായി നിയോഗിക്കുന്നുണ്ട്.

നേരത്തെ ഒരു തവണ സുനിയേയും കൂട്ടരേയും ജയില്‍ ജോലിക്ക് നിയോഗിച്ചിരുന്നുവത്രേ. എന്നാല്‍ അന്ന് ഇവര്‍ പ്രശ്‌നമുണ്ടാക്കിയത് കൊണ്ടാണ് പിന്നീട് ജോലികള്‍ക്കൊന്നും നിയോഗിക്കാത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൊടി സുനിയുടെ രാഷ്ട്രീയ സ്വാധീനം കാരണമാണ് ജയില്‍ അധികൃതര്‍ ഭയക്കുന്നത് എന്നാണ് സൂചന. ജയിലിന് അകത്ത് മാത്രമല്ല ഇവര്‍ക്ക് പ്രത്യേക പരിഗണന. കോടതിയിലേക്ക് കൊണ്ടുപോകാനായി പുറത്തിറക്കുമ്പോഴും സുനി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍. ഏത് കടയില്‍ നിന്നും ഭക്ഷണം കഴിക്കണം എന്നത് കൊടി സുനിയാണ് തീരുമാനിക്കുക. ഈ സമയത്ത് നിരവധി പേര്‍ സുനിയെ കാണാനും എത്തും. ഇവരുടെ ഫോണില്‍നിന്ന് സുനി യഥേഷ്ടം വിളിക്കും. മദ്യപാനത്തിനുള്ള സൗകര്യംവരെ ഈ സുഹൃത്തുക്കള്‍ ഒരുക്കാറുണ്ടെന്നാണ് വിവരം. ഭരിക്കുന്ന പാര്‍ട്ടിയിലുള്ള ഇവരുടെ ഉന്നതസ്വാധീനം കാരണം ഇതിനെ എതിര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കാറില്ല. മുമ്പ് ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുപറഞ്ഞ് ജയില്‍ ദ്യോഗസ്ഥരെ തടവുപുള്ളികള്‍ പേടിപ്പിക്കുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു. ഫോണ്‍, കഞ്ചാവ് ഉപയോഗങ്ങള്‍ തടയാന്‍ സാധിക്കാത്തതിനുകാരണവും ഇത്തരം ബന്ധങ്ങളാണ്.