വയറിനുള്ളില്‍ 263 നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്, ശരിക്കുമൊരു ആക്രിക്കട തന്നെയെന്ന് ഡോക്ടര്‍മാര്‍

ഭോപ്പാല്‍: കടുത്ത വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കായെത്തിയ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടര്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം യുവാവിന്റെ വയറില്‍ കണ്ടത് ശരിക്കുമൊരു ആക്രാക്കട തന്നെ.മധ്യപ്രദേശിലാണ് സംഭവം.വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35കാരനായ മുഹമ്മദ് മക്സുദിന്റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്.

യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്.എക്സ്റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സാത്ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മക്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നതെന്നും എക്സ്റേ എടുത്തപ്പോഴാണ് വയറുവേദനയുടെ കാരണം മനസ്സിലായതെന്നും ചികിത്സിച്ച ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു.

ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു.