നിലപാടറിയിക്കാന്‍ ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. വൈകിട്ട് മൂന്നുമണിക്കാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയും രക്ഷിതാക്കളും കേരള ഹൗസിലാണു ഇപ്പോഴുള്ളത്.കേരള ഹൗസും പരിസരവും പൊലീസിന്റെ കനത്ത സുരക്ഷയിലാണ്.
ഹാദിയയുടെ (അഖില) പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് കോടതി ആദ്യം പരിഗണിക്കുക. പിന്നീടു ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഷെഫിന്‍ തന്റെ ഭര്‍ത്താവാണെന്നും, തനിക്ക് നീതി ലഭിക്കണമെന്നും ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തരോടു ഹാദിയ പറഞ്ഞിരുന്നു. എന്നാല്‍, അതു കണക്കിലെടുക്കേണ്ടെന്നാണ് എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാല് മുദ്രവച്ച കവറുകളിലാണ് എന്‍.ഐ.എ റിപ്പോര്‍ട്ടുകള്‍. അടിച്ചേല്‍പ്പിച്ച ആശയത്തിന്റെ പശ്ചാത്തലത്തിലുള്ള ഹാദിയയുടെ മൊഴികള്‍ പരിഗണിക്കരുതെന്നാകും എന്‍.ഐ.എ ഇന്നു വാദിക്കുക. ഹാദിയയുടെ ദുര്‍ബലമായ മാനസികാവസ്ഥ പരിഗണിച്ചാണു ഹൈക്കോടതി വിവാഹമോചന ഉത്തരവു പുറപ്പെടുവിച്ചതെന്നും അശോകനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അശോകന്റെ രണ്ടു ബന്ധുക്കള്‍ സമാനമായ മാനസികാവസ്ഥ ഉള്ളവരാണ്. അവരുടെ ചികിത്സാരേഖകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കുന്നതിനെപ്പറ്റി അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.