ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യക്ക് ഇന്നിങ്സ് ജയം;ചരിത്ര നേട്ടം കൊയ്ത് കൊഹ്ലിപ്പട കിടുക്കി ,തിമിര്‍ത്തു,

നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ടീം.രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയ കോഹ്ലിയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 405 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഒന്നര ദിവസത്തെ കളി ബാക്കിനില്‍ക്കെ ഇന്ത്യന്‍ ബോളര്‍മാര്‍166 റണ്‍സിന് ഓള്‍ഔട്ടാക്കി.

ഇന്ത്യന്‍ ജയത്തിനു പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി നേട്ടത്തിന് പുറമെ മൂന്ന് സെഞ്ച്വറികള്‍, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനം എന്നിങ്ങനെ പോകുന്ന ബഹുമതികളും ഇന്ത്യ സ്വന്തമാക്കി.ലങ്കയുടെ അവസാന ബാറ്റ്‌സ്മാന്‍ ഗാമേജിനെ പുറത്താക്കിയാണ് അശ്വിന്‍ ടെസ്റ്റില്‍ ഏറ്റവും വേഗതയില്‍ 300 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്.

54-ാം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിന്‍ 56-ാം ടെസ്റ്റില്‍ റെക്കോര്‍ഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 66-ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

രണ്ടാം ഇന്നിങ്‌സിലും നാലു വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്. 82 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഒന്‍പതാം വിക്കറ്റില്‍ സുരംഗ ലക്മലുമൊത്ത് ചണ്ഡിമല്‍ കൂട്ടിച്ചേര്‍ത്ത 58 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചതും ഇന്ത്യയുടെ വിജയം വൈകിച്ചതും. ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലെത്തി.
പരമ്പരയിലെ മൂന്നാം മത്സരം ഡിസംബര്‍ 2-നു ഡല്‍ഹിയില്‍ ആരംഭിക്കും.