തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ചുയര്‍ന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല. 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രുപം നല്‍കുന്നത് ജനുവരി എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒരു നിമിഷം പോലും വൈകാതെ അത് ജനങ്ങള്‍ക്ക് മുന്നിലെത്തും. കാരണം അതൊരു പൊതു രേഖയാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യാമെന്നും കാനം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ല. ഇത് ഔദ്യോഗികമായി അവതരിപ്പിക്കുന്നത് വിജയവാഡ നാഷണല്‍ കൗണ്‍സിലിലാണ്. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണം പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് ജനാധിപത്യ മതേതര ചേരി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം നേരത്തെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് കോണ്‍ഗ്രസ് സഹകരണവും കരട് പ്രമേയത്തിനെക്കുറിച്ചും ചര്‍ച്ച നടന്നത്.