ഇന്ത്യന്‍ പതാക ആദ്യം ശ്രീനഗറില്‍ ഉയരട്ടെ; വീണ്ടും വിവാദപ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി
ജമ്മു കശ്മീര്‍ വിഷയത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. പാക് അധീനകശ്മീര്‍ പാകിസ്താന്റേതാണെന്നും അതിനു മാറ്റമൊന്നുമുണ്ടാവില്ലെന്നുമുള്ള ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ച് അധികമാവും മുമ്പാണ് വീണ്ടും വിവാദപരാമര്‍ശം.
‘ഇന്ത്യയുടെ ചര്‍ച്ച പാക് അധീനകശ്മീരില്‍ എങ്ങനെ ഇന്ത്യന്‍ പതാക ഉയര്‍ത്താമെന്നാണ്. ഞാന്‍ അവരോട് ചോദിക്കുകയാണ്, ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക ഉയര്‍ത്തൂ, അതിന് കഴിയാത്തവര്‍ക്ക് പിന്നെങ്ങനെയാണ് പാക് അധീനകശ്മീരിനെക്കുറിച്ച് സംസാരിക്കാനാവുക’ എന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ എത്ര യുദ്ധം നടത്തിയാലും കശ്മീര്‍ പാകിസ്താന്റേത് തന്നെയായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ ക്രമസമാധാനനില അപകടകരമാം വിധം തകരുന്നതിലുള്ള ആശങ്കയും ഫറൂഖ് അബദുള്ള പ്രകടിപ്പിച്ചു.