കാട്ടാനക്കൂട്ടത്തെ കണ്ട് നിയന്ത്രണംവിട്ട വാന്‍ മറിഞ്ഞു
ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. പഴയ മൂന്നാറില്‍ നിര്‍മാണം നടക്കുന്ന ഹോട്ടലിലേക്ക് ഇന്റീരിയര്‍ സാധനങ്ങളുമായി എത്തിയശേഷം മടങ്ങുകയായിരുന്ന പിക്കപ് വാനാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ കാട്ടാനക്കൂട്ടത്തെക്കണ്ട് ഭയന്നതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാന്‍ തലകീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറായ കണ്ണൂര്‍ ചെറുപുഴ സ്വദേശി ആലുങ്കല്‍ ജോര്‍ജ് ജോസഫിന് (35) പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഷറഫ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
പഴയ മൂന്നാര്‍ ബ്ലോസംപാര്‍ക്കിനുമുന്നിലാണ് കാട്ടാനകള്‍ നിന്നത്. കുട്ടികളടക്കം അഞ്ച് ആനകളുടെ മുന്നില്‍ പെട്ടതോടെ ഡ്രൈവര്‍ ഭയന്നു. നിയന്ത്രണംവിട്ട വാഹനം സമീപത്തെ തിട്ടയിലിടിച്ച് മറിഞ്ഞു. വാനില്‍നിന്നും ഇറങ്ങിയോടിയ ഇരുവരെയും ഇതുവഴിവന്ന മറ്റൊരുവാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
ഇതിനുശേഷം ആനകള്‍ ബ്ലോസംപാര്‍ക്ക് പ്രവേശനകവാടത്തിലെ വഴിയോരകട അടിച്ചു തകര്‍ത്തു. പഴയ മൂന്നാര്‍ സ്വദേശിനി ശാന്തിയുടെകടയാണ് തകര്‍ത്തത്. കടയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന കാരറ്റ്, പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തിന്നശേഷം വെളുപ്പിന് അഞ്ചുമണിയോടെയാണ് കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ നാലുദിവസമായി ഈ ആനകള്‍, നല്ല തണ്ണി, ജി.എച്ച്.ക്വാര്‍ട്ടേഴ്സ്, നടയാര്‍ മേഖലകളില്‍ നാശം ഉണ്ടാക്കി. ഒരു കാറും ബൈക്കും, തകര്‍ത്ത കാട്ടാനകള്‍ കൃഷിയും, വീടിനോടു ചേര്‍ന്നുള്ള ഷെഡുകളും നശിപ്പിച്ചു.