തന്റെ കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിച്ചുകളയൂ; ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയുടെ അപേക്ഷ

ഉത്തരാഖണ്ഡില്‍ അധ്യാപകന്റെ പീഡനത്തിനിരയായി അമ്മയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ദയനീയമാണെന്ന് അവളുടെ പിതാവ് പറയുന്നു. തന്റെ കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിച്ചുകളയാനാണ് ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയുടെ അപേക്ഷ. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഗര്‍ഭഛിദ്രവും സാധ്യമാകുമായിരുന്നില്ല. കുഞ്ഞുണ്ടായതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പിതാവ് പറയുന്നു.

‘ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല’ എന്ന് പറഞ്ഞ് അവള്‍ തന്നോട് അപേക്ഷിക്കുകയാണെന്ന് പിതാവ് പറയുന്നു. ബോര്‍ഡ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്താനാവാത്തതിലും കുട്ടിക്ക് കടുത്ത മാനസികസംഘര്‍ഷമാണുള്ളതെന്നും പിതാവ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ചരിത്രാധ്യാപകനായിരുന്ന അമ്പത്തിയേഴുകാരനാണ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്നും അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ ജയിലിലാണുള്ളത്. കുഞ്ഞ് ഇയാളുടേത് തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന എത്രയും വേഗം നടത്തുമെന്നും പോലീസ് അറിയിച്ചു. നിയമനടപടികളെല്ലാം പൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയുടെ വീട്ടകാര്‍ക്ക് താല്പര്യമാണെങ്കില്‍ കുഞ്ഞിനെ ശിശുക്ഷേമസമിതി വഴി ആര്‍ക്കെങ്കിലും ദത്ത് നല്‍കാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു.