ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്

തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ഉറവിടം വെളിപ്പെടുത്താന്‍ ഇതുവരെ 34 അവസരങ്ങളാണു പാര്‍ട്ടിക്കു നല്‍കിയത് എന്ന് അധികൃതര്‍ പറയുന്നു. അതേസമയം, തങ്ങളുടെ അഴിമതി വിരുദ്ധ മുഖം തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്ന് അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.

എഎപി രൂപീകരിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തികരിച്ചതിന്റെ വാര്‍ഷികം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ആധായ നികുതി വകുപ്പിന്റെ നോട്ടിസ്. 2014ല്‍ ലഭിച്ച സംഭാവനകളിലും അക്കൗണ്ടുകളിലുമുള്ള വൈരുദ്ധ്യത്തെക്കുറിച്ച് ആദായനികുതി വകുപ്പ് ഈവര്‍ഷം ആദ്യംതന്നെ ചോദ്യങ്ങളുന്നയിച്ചിരുന്നു. 2015ലെ തിരഞ്ഞെടുപ്പു സമയത്ത് വിദേശത്തുനിന്നു ലഭിച്ച 13 കോടി രൂപയെക്കുറിച്ച് തെളിവുകള്‍ നല്‍കാന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. കൂടാതെ ആറു കോടിയിലധികം രൂപ സംഭാവന നല്‍കിയ 461 പേരെക്കുറിച്ചുള്ള വിവരങ്ങളും എഎപി വെളിപ്പെടുത്തിയിട്ടില്ല.