സ്റ്റീവ് സ്മിത്തിനും ബ്രാഡ്മാനും ഇടയില്‍ വെറും 20 പോയിന്റ് അകലം; കൊഹ്ലി പോയിട്ട് സച്ചിന്‍ പോലും ഏഴയലത്തില്ല
ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അപ്രമാദിത്വം തുടരുന്നു. വെറുതെ ഒന്നാം സ്ഥാനത്ത് തുടരുകയല്ല തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലാണ് സ്മിത്ത്. ഇത് കൊണ്ടും തീര്‍ന്നില്ല.സര്‍വ്വകാല റേറ്റിങില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് അടുത്തെത്തി നില്‍ക്കുകയാണ് സ്മിത്ത്. വെറും 20 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസമേ ബ്രാഡ്മാനുമായി സ്മിത്തിന് ഉള്ളൂ.
വര്‍ത്തമാന ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തുമായി മത്സരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സര്‍വ്വകാല റേറ്റിങിന്റെ കാര്യം നോക്കിയാല്‍ ആദ്യ പത്തിലൊന്നും ഇല്ല. ഇക്കാര്യത്തില്‍ കോലിയെ മാത്രം പറയേണ്ട കാര്യമില്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, ഗാവ്‌സകര്‍ തുടങ്ങിയ ഒരൊറ്റ ഇന്ത്യക്കാരന്‍ പോലും ടോപ് ടെന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.
ഡോണ്‍ ബ്രാഡ്മാന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് 961 ആണ്. സ്മിത്തിന്റേത് 941 ഉം. ഇംഗ്ലണ്ടിന്റെ ഹട്ടന്‍ (945), ഇംഗ്ലണ്ടിന്റെ തന്നെ ഹോബ്‌സ്(942), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (942), ഇംഗ്ലണ്ടിന്റെ പി ബി എച്ച് മേ (941), എന്നിവരാണ് സ്റ്റീവ് സ്മിത്തിന്റെ മുന്നിലുള്ളത്. സ്മിത്തിനെ കൂടാതെ ഇപ്പോള്‍ കളിക്കുന്നവരില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് മാത്രമേ ടോപ് ടെന്നിലുള്ളൂ.