സെക്സി ദുര്‍ഗ്ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി ; ഇനി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല
ന്യൂഡല്‍ഹി : മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗ എന്ന സിനിമയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത് എന്നാണു വിവരം. ചിത്രത്തിന്റെ പേരില്‍ വ്യക്തതക്കുറവുണ്ടെന്നാണ് സെന്‍സര്‍ബോര്‍ഡ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ രേഖാമൂലം അറിയിച്ചത്. അതുപോലെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വേണമെങ്കില്‍ സിനിമ വീണ്ടും സെന്‍സര്‍ഷിപ്പിനായി സമര്‍പ്പിക്കാമെന്നും സെന്‍സര്‍ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ അടുത്ത മാസം തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് ഇത് തടസ്സമാകും.
ഗോവ ഫിലിം ഫസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ സിനിമ ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് നേരത്തേ വിസമ്മതിച്ചിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റി എസ് ദുര്‍ഗ എന്നാക്കിയ ശേഷമാണ് വീണ്ടും സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി ഇടപെട്ടെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗോവയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകന് ലഭിക്കുന്നത്. ചിത്രം എങ്ങനെയും ഇന്ത്യയില്‍ തടയുവാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.അതേസമയം സംഭവത്തില്‍ സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.