സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു
സിനിമ, നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു.70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലിരിക്കെ ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
അടൂര്‍ ഭവാനിക്കൊപ്പമായിരുന്നു വാസന്തിയുടെ നാടക പ്രവേശനം. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തിയത്. ബാല കളിയിലൂടെ കലാലോകത്തേക്ക് കടന്നുവന്ന P. വസന്തകുമാരി എന്ന തൊടുപുഴ വാസന്തി 16ആം വയസില്‍ ധര്‍മക്ഷേത്ര, കുരുക്ഷേത്രയില്‍ നര്‍ത്തകിയായി സിനിമയിലെത്തി. തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലാണ് ആദ്യമായി കഥാപാത്രത്തെ അവതരിപ്പിച്ചത്. 1976 മുതല്‍ സിനിമാ മേഖലയില്‍ സജീവമായ വാസന്തി 450 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016ല്‍ പുറത്തിറങ്ങിയ ഇത് താന്‍ ടാ പൊലീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഏറെ ദുരിതം നിറന്നെ നാളുകളായിരുന്നു അവരുടേത്. അര്‍ബുദവും പ്രമേഹവും വേട്ടയാടിയതിനൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളും അവരെ തളര്‍ത്തി. പ്രമേഹം മൂര്‍ച്ഛിച്ചതോടെ വലത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഇതോടെ ജീവിതം പൂര്‍ണ്ണമായും നാല് ചുമരുകള്‍ക്കുള്ളി ല്‍ ഒതുങ്ങി. അവസാന നാളുകളിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നായിരുന്നു മികച്ച നര്‍ത്തകി കൂടിയായ ഈ കലാകാരിയുടെ ആഗ്രഹം.
നാടകപ്രവര്‍ത്തകനായിരുന്ന കെ ആര്‍ രാമകൃഷ്ണന്‍ നായരുടെയും തിരുവാതിര ആശാട്ടി പി.പങ്കജാക്ഷിയുടെയും മകളാണ് വാസന്തി. സംസ്‌കാരം വൈകിട്ടു നാലിനു വീട്ടുവളപ്പില്‍ നടക്കും.