ഫോണ്‍കെണി വിവാദം: കേസ് ഹൈക്കോടതി മാറ്റിവെച്ചു; ശശീന്ദ്രന്റെ തിരിച്ചുവരവ് നീളും
കൊച്ചി: എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദകേസ് പിന്‍വലിക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അടുത്തമാസം 12 ലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്. ഇതോടെ എകെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളുമെന്നുറപ്പായി.
കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ പരാതി പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കയായിരുന്നു എന്നത് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഫോണ്‍വിളി വിവാദത്തെ കുറിച്ച് അന്വേഷിച്ച പി.എസ് ആന്റണി കമ്മീഷന്‍ ഈ മാസം 21 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ചാനല്‍, ക്രിമിനല്‍ ഗൂഢാലോചന നടത്തി മന്ത്രിയെ കുടുക്കുകയായിരുന്നെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
അതെ സമയം പരാതി പിന്‍വലിക്കപ്പെട്ടാല്‍ മന്ത്രിസഭയില്‍ എത്രയും വേഗം മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രനും എന്‍.സി.പിയും.എന്നാല്‍ ഹര്‍ജി മാറ്റിവച്ചുകൊണ്ടുള്ള ഹൈക്കോടതി നടപടി ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ തടസമില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.