നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്ക ട്രംപ്
ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് മോദി തെളിയിച്ചിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്ക ട്രംപ്. കുട്ടിക്കാലത്ത് ചായ വിറ്റുനടന്ന മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയി മാറിയതാണ് ഇവാന്കയെ ഞെട്ടിച്ചത്. ഹൈദ്രാബാദില്‍ നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഇവാന്‍ക. ആഗോള സംരഭകത്വ ഉച്ചകോടി ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് ഇവാന്‍ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഇവാന്‍ക പ്രസംഗം ആരംഭിച്ചത്. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ താന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു, സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തില്‍ വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സംരഭകത്വ നയങ്ങളേയും ഇവാന്‍ക പ്രശംസിച്ചു. ഇന്ത്യ ലോകത്തെ തന്നെ പ്രചോദിപ്പിക്കുകയാണ്. നൂതനമായ സാങ്കേതികത്വങ്ങളിലൂടേയും സംരഭകത്വ പരിപാടികളിലൂടേയും ഇന്ത്യ എടുത്തുപറയേണ്ട ചുവടുവെയ്പ്പുകളാണ് നടത്തിയതെന്ന് ഇവാന്‍ക അഭിപ്രായപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സംരഭകര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഇത് ആദ്യമായാണ് ദക്ഷിണേഷ്യ ആതിഥേയത്വം വഹിക്കുന്നത്. വനിതാ ശാക്തീകരണം നടന്നാല്‍ മാത്രമേ നമ്മുടെ കുടുംബവും സമൂഹവും അതിലൂടെ സമ്പദ് വ്യവസ്ഥയും വികസിക്കുകയുള്ളൂവെന്നും ഇവാന്‍ക പറഞ്ഞു. 1500 വനിതാ സംരഭകരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.