അവയവദാനം സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍

ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പ്രക്രിയ കൂടുതല്‍ സുഗമമാക്കുമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ട്രാന്‍സ്പ്ലാന്റ് സെന്ററുകളുടെ നിലവാരം നിര്‍ണയിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അവയവം മാറ്റിവച്ചവരുടെ ഡിജിറ്റല്‍ ഡേറ്റാ ബാങ്ക് തുറക്കും. അവയവ ശസ്ത്രക്രിയയുടെയും ചികിത്സയുടെയും നിരക്കുകള്‍ ഏകീകരിക്കുക, കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക, കാരുണ്യ പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ പരിഗണനയിലുണ്ട്. മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതി മൃതസഞ്ജീവനിയുടെ അവയവദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലച്ചുപോയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരുജ്ജീവിപ്പിക്കാന്‍ നടപടികളെടുക്കും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്കു പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജീവിച്ചിരിക്കുന്നവരില്‍നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതി പലരും മനസ്സിലാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.