സൈനികനെതിരെ മാനഭംഗ പരാതി നല്കിയ വിദ്യാര്‍ഥിനിയെ സ്കൂളില്‍നിന്ന് പുറത്താക്കി
ലാത്തൂര്‍: സൈനികന് മാനഭംഗപ്പെടുത്തിയെന്നു പരാതി നല്കിയ വിദ്യാര്‍ഥിനിയെ സ്കൂളില്‍നിന്ന് പുറത്താക്കി. മഹാരാഷ്ട്രയില്‍ ലാത്തൂരിലെ സ്കൂളിലാണു സംഭവം. എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ സ്വമേധയാ ടി.സി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് പതിനഞ്ചുകാരിയെ ജവാന് പീഡിപ്പിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. അടുത്തദിവസം പെണ്‍കുട്ടിയും വീട്ടുകാരും പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തി. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വലിയ തുക പൊലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടു. പലവട്ടം നടത്തിക്കുകയും ചെയ്തു. ഒടുവില്‍ എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഓഗസ്റ്റ് 29നാണ് പരാതി സ്വീകരിച്ചതെന്നു കുട്ടിയുടെ അമ്മാവന് പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്കൂളുമായി ബന്ധപ്പെട്ടു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ പുറത്താക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. ഇങ്ങനെയൊരു കുട്ടിയെ പഠിപ്പിക്കുന്നതു സ്കൂളിന് ചീത്ത പേരുണ്ടാക്കുമെന്ന് പെണ്‍കുട്ടിയുടെ സഹോദരനോട് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു.
വിദ്യാര്‍ഥിയുടെ സഹോദരനാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അതിനിടെ, മാനഭംഗക്കുറ്റത്തിന് സൈനികനെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.