ജയില്‍ വളപ്പിലെ ചെടികള്‍ തിന്ന് നശിപ്പിച്ചതിന് കഴുതകളെ നാലുദിവസം ജയിലിലടച്ച് ഉത്തര്‍പ്രദേശ് പോലീസ്
ലക്‌നോ:വീട്ടില്‍ നാം നല്ല രീതിയില്‍ പരിപാലിക്കുന്ന ഒന്നാണ് ചെടികള്‍ എന്നത്. വീടും പരിസരവും ആകര്ഷകമാക്കുന്നതിനും ഭംഗി വരുത്തുന്നതിനും കുറച്ച് കാശ് അധികം മുടക്കി നല്ല വില വരുന്ന മുന്തിയ ഇനം ചെടികള്‍ മിക്കവാറും വീട്ടു വളപ്പില്‍ നട്ട് പരിപാലിക്കാറുണ്ട്.
ഇങ്ങനെ പരിപാലിക്കുന്ന ചെടികള്‍ ആരെങ്കിലും നശിപ്പിച്ചെന്നു കണ്ടാലേ. ഒട്ടും ക്ഷമിക്കാന്‍ പറ്റാത്ത കാര്യമാണത് അല്ലെ. ഇനി വീട്ടിലെ ആടോ മറ്റോ ആണ് ഈ ചാടികള്‍ നശിപ്പിച്ചതെങ്കിലോ പിന്നെ ഒന്നും നോക്കുകയെ വേണ്ട. ഉലക്കയെടുത്ത് വരെ ചിലപ്പോള്‍ തല്ല് കൊടുത്തെന്നിരിക്കും അല്ലെ.
ഇത്തരത്തിലൊരു സംഭവം ഉത്തര്‍പ്രേദേശില്‍ നടന്നു.ഉത്തര്‍പ്രദേശിലെ ജാലുന്‍ ജില്ലയിലെ ഉറൈ ജയിലധികൃതര്‍ തങ്ങള്‍ നോക്കി വളര്‍ത്തുന്ന വിലപിടിപ്പുള്ള ചെടി ആഹാരമാക്കിയവരെ അഴിക്കുള്ളിലാക്കിയാണ് ശിക്ഷിച്ചത്. ജയില്‍ വളപ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന് എട്ടു കഴുതകളാണ് നാലു ദിവസം ജയിലില്‍ കഴിഞ്ഞത്.
ഉന്നത ഉദ്യോഗസ്ഥന്‍ സമ്മാനിച്ച വിലയേറിയ ചെടികള്‍ പിടിപ്പിച്ച് അധികൃതര്‍ ജയിലിന്റെ മുന്‍വശം മോടി കൂട്ടിയിരുന്നു. എന്നാല്‍ ഇതുണ്ടോ ഇക്കൂട്ടര്‍അറിയുന്നു.വിശപ്പടിച്ചപ്പോള്‍ കഴുതയും സംഘവും മുന്നില്‍ക്കണ്ട ചെടികള്‍ തിന്നു. ഇത് അംഗീകരിക്കാനാകാതിരുന്ന ജയിലധികൃതര്‍ ചെയ്ത തെറ്റിന് കഴുതകള്‍ക്ക് നാലു ദിവസത്തെ ജയില്‍വാസവും വിധിച്ചു.
ജയിലിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ എട്ടു കഴുതകള്‍ക്കും പ്രദേശത്തെ രാഷ്ട്രീയക്കാരനാണ് സഹായഹസ്തം നീട്ടിയത്. അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് കഴുതകളെ ജയിലില്‍ നിന്നിറക്കി. മൃഗങ്ങള്‍ ഇനിയും ചെടികള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ ജയിലിനകത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.