അര്‍ദ്ധരാത്രി വീട്ടിനുള്ളില്‍ തട്ടും മുട്ടും ; പ്രേതശല്യ പേടിയില്‍ ഒരു കുടുംബം ; സംഭവം കോട്ടയത്ത്

കോട്ടയം കുമരകത്താണ് ഒരു കുടുംബത്തിന്‍റെ തന്നെ സ്വസ്ഥത തകര്‍ത്ത സംഭവം. കുമരകം പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊങ്ങലിലെ അരുൺകുമാറും കുടുംബവുമാണ് പ്രേത പേടിയില്‍ കഴിയുന്നത്. ഭിത്തികെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് ഇവരുടെ വീട്. അരുൺ കുമാറിന്റെ സഹോദരനും കുടുംബവും തൊട്ടടുത്ത ഷെഡ് കെട്ടിയാണ് താമസിക്കുന്നത്. ഇവരും അരുൺ കുമാറിന്റെ വീട്ടിലാണ് രാത്രിയിൽ കിടക്കാറുള്ളത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണ് ശബ്ദം കേൾക്കുന്നത്. പക്ഷേ, ശബ്ദം കേൾക്കുന്ന ഭാഗത്ത് നോക്കിയാൽ ഒരീച്ചയെ പോലും കാണാനാകില്ല. ഇതാണ് അരുൺ കുമാറിനെയും കുടുംബത്തെയും ഭീതിയിലാഴ്ത്തുന്നത്. എല്ലാ ദിവസവും ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത് ആവർത്തിച്ചതോടെ അരുൺകുമാർ പോലീസിൽ പരാതിപ്പെട്ടു. വീടിന്റെ കതകിൽ നിന്നും മേൽക്കൂരയിൽ നിന്നുമാണ് വലിയ ശബ്ദം കേൾക്കാറുള്ളത്.

ശബ്ദം കേൾക്കുന്നത് നിത്യസംഭവമായതോടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ അരുൺകുമാറിന്റെ വീട്ടിലെത്തി. ശബ്ദത്തിന്റെ ഉറവിടം മനസിലാക്കാനായി ഇവർ രാത്രി വീട്ടിൽ കിടക്കുകയും ചെയ്തു. പതിവുപോലെ അർദ്ധരാത്രിയിൽ ശബ്ദം കേൾക്കാൻ തുടങ്ങി. ഉടൻതന്നെ യുവാക്കൾ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് യുവാക്കളെല്ലാം വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശബ്ദം കേൾക്കുമ്പോൾ വീട്ടിലുള്ളവർ എല്ലാം ഒരു മുറിയിലേക്ക് മാറും. പിന്നീട് ശബ്ദം അവസാനിച്ചാലെ അവരവരുടെ മുറിയിലേക്ക് പോകു. ടിപ്പർ ലോറിയിൽ നിന്ന് കല്ല് ഇറക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കേൾക്കുന്നത്. എല്ലാ ദിവസവും ഇതാവർത്തിച്ചതോടെയാണ് അരുൺകുമാർ പോലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.