ഹോമിയോ മരുന്ന് കഴിച്ച രോഗികള്‍ ഫിറ്റ് ആയി ; ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കൂടിയ ഹോമിയോ മരുന്നുകള്‍ പിടിച്ചെടുത്തു
കോഴിക്കോട് രാജാജി റോഡിന് കിഴക്കുഭാഗത്ത് മര്‍വ കോംപ്ലക്സിലെ ദ്രുവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റോയല്‍ ഹോമിയോ ഫാര്‍മസിയില്‍നിന്നാണ് ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കൂടിയ ഹോമിയോ മരുന്നുകള്‍ പിടിച്ചെടുത്തത്. അനുവദനീയമായതിലും കൂടുതല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുള്ള 200 കുപ്പി ഹോമിയോ മരുന്നുകളാണ് ഡ്രഗ്സ് കണ്‍ട്രോള്‍വിഭാഗം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മരുന്നുകളില്‍ 95 ശതമാനം വരെ ആല്‍ക്കഹോളിന്റെ അംശമുണ്ട്. സാധാരണ മദ്യത്തിന്റെ അളവിനേക്കാള്‍ കൂടുതലാണിത്. ഏറെക്കാലമായി ഇത് ലഹരിമരുന്നിന് പകരം ആളുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സംശയമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.
ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. 12 ശതമാനം ആല്‍ക്കഹോള്‍മാത്രമേ ഹോമിയോ മരുന്നുകളില്‍ അനുവദിക്കുന്നുള്ളൂ. അതുതന്നെ 30 മില്ലിയിലധികമുള്ള കുപ്പികളില്‍ സൂക്ഷിക്കാന്‍ പാടില്ല. പക്ഷേ, റോയല്‍ ഫാര്‍മസിയില്‍നിന്ന് പിടിച്ചെടുത്തവയെല്ലാം 450 മില്ലിയുടെ മരുന്നുകുപ്പികളായിരുന്നു. പിടിച്ചെടുത്ത മരുന്നുകള്‍ക്ക് എഴുപത്തയ്യായിരത്തോളം രൂപയാണ് നിലവിലെ വില. എന്നാല്‍ ലഹരിമരുന്നായി നല്‍കുമ്പോള്‍ പതിന്മടങ്ങ് വിലയാണ് സ്വീകരികുക. ഈവര്‍ഷംതന്നെ വാങ്ങിയതാണ് മരുന്നുകളെല്ലാം.