ഈ ‘പത്ത്’ സച്ചിന് മാത്രമുള്ളതാണ്, ഇതണിയാന്‍ ആരും തയ്യാറല്ല;  വിശ്വവിഖ്യാതമായ ആ നമ്പര്‍ ബിസിസിഐ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അനശ്വരമാക്കിയ പത്താം നമ്പര്‍ ജഴ്സി ബി.സി.സി.ഐ ഇന്ത്യന്‍ ടീമില്‍ നിന്നും എടുത്തുമാറ്റുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അംഗീകാരം തേടിയ ബി.സി.സി.ഐ, ഐ.സി.സി.യുടെ അനുമതി കിട്ടിയില്ലെങ്കിലും സാങ്കേതികമായി പത്താം നമ്പര്‍ ഇനി ഒരു കളിക്കാരനും നല്‍കേണ്ടതില്ല എന്ന തീരുമാനം ബി.സി.സി.ഐ കൈക്കൊണ്ടെന്നാണ് വിവരം.

ക്രിക്കറ്റില്‍ അനേകം ബാറ്റിംഗ് റെക്കോഡുകള്‍ പേരിലുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ പത്താം നമ്പര്‍ ജഴ്സിയിലാണ് പല റെക്കോഡുകളും തിരുത്തിയത്. റെക്കോര്‍ഡുകളുടെ തോഴനെന്നറിയപ്പെട്ടിരുന്ന സച്ചിന്‍ 2012 മാര്‍ച്ചിലാണ് കളി അവസാനിപ്പിച്ചത്. എന്നാല്‍ ഏതാനും മാസം മുമ്പ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടയില്‍ മുംബൈ പേസ് ബൗളറായ ഷര്‍ദൂല്‍ താക്കൂര്‍ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ് കളത്തില്‍ എത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായി. പുറത്ത് പത്താം നമ്പര്‍ അണിഞ്ഞ് ഷര്‍ദൂലും ബി.സി.സി.ഐ യും ഒരു പോലെ ആരാധകരുടെ അസന്തുഷ്ടിക്ക് കാരണമാകുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ഇതോടെ പത്താം നമ്പര്‍ ജഴ്സി പിന്‍വലിക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ നിലവിലെ ഇന്ത്യന്‍ ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഐ.സി.സിയുടെ മാര്‍ഗ്ഗരേഖ അനുസരിച്ച് ഒരു നമ്പര്‍ പിന്‍വലിക്കാന്‍ ഒരു ക്രിക്കറ്റ് ബോര്‍ഡിനെയും അനുവദിക്കില്ല. ഷാര്‍ദുല്‍ താക്കൂറിന്റെ അനുഭവം കണ്മുന്നിലുള്ളപ്പോള്‍ പത്താം നാമാര്‍ ജഴ്‌സിയണിഞ്ഞ് കളിക്കാന്‍ ആരും തയ്യാറുമല്ല.അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കാര്‍ ആരും തന്നെ പത്താം നമ്പര്‍ ജഴ്സി അണിയാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഈ നമ്പര്‍ പിന്‍ വലിക്കുകയാണെന്ന് ഐ.സി.സിയെ അറിയിക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണ്.