അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം; വേണ്ട വിധം കൈകാര്യം ചെയ്യുമെന്ന് ട്രംപ്
സോള്‍:ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമായ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
ഉത്തരകൊറിയ തൊടുത്തു വിട്ട മിസൈല്‍ 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതിയിലുള്ള കടലിലാണ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. സെപ്റ്റംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു.
13,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ത്ഥ ശേഷിയെന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളേയും പരിധിയിലാക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. സര്‍ക്കാരിനും സൈന്യത്തിനും മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഇത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അറിയിച്ചു.