മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു
മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ആശുപത്രിയില്‍ വച്ചുതന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ വൈകീട്ട് ശാന്തികവാടത്തില്‍ വച്ച് നടത്തും.
ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംമ്പര്‍ 02ന് കൊട്ടാരക്കരയിലായിരുന്നു ജനനം. ഭാര്യ മനോരമ നായര്‍. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎസ്.സി ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നും ബി.എല്‍ ബിരുദവും നേടി. അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു.
പിന്നീട് ഐഎസ്പിയില്‍ ചേര്‍ന്നു. 1952ല്‍ സിപിഐയിലെത്തി. 1957ല്‍ ഐക്യ കേരളത്തിലെ ആദ്യ നിയമസഭാംഗമായി. അന്ന് തോപ്പില്‍ ഭാസിയും പുനലൂര്‍ രാജഗോപാലന്‍ നായരും ഇ ചന്ദ്രശേഖരന്‍ നായരും പി ഗോവിന്ദപ്പിള്ളയും ചേര്‍ന്ന സംഘം ജിഞ്ചര്‍ ഗ്രൂപ്പ് എന്നാണറിയപ്പെട്ടിരുന്നത്. ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഹൗസിങ്, മൃഗസംരക്ഷണം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.