പത്മാവതിയിലെ പാട്ടിന് ഡാന്‍സ് ചെയ്തു ; മുലായം സിംഗിന്റെ മരുമകള്‍ക്ക് എതിരെ ഭീഷണിയുമായി കർണിസേ‌ന

പത്മാവതി എന്ന സിനിമ മാത്രമല്ല അതിലെ ഗാനങ്ങള്‍ പോലും സംഘപരിവാറിന് ഭീതി ഉണര്‍ത്തുന്നു എന്ന് വേണം അനുമാനിക്കാന്‍.ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തം ചെയ്തതിനു സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ക്ക് എതിരെ പ്രതിഷേധവും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുകയാണ് കര്‍ണ്ണി സേന. മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പദ്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎൻഐയാണ് പുറത്തു വിട്ടത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കര്‍ണിസേന രംഗത്തെത്തി. പദ്മാവതി സിനിമയ്‌ക്കെതിരെ പോരാടാന്‍ വ്യക്തമായ കാരണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും രജപുത്രവികാരം മാനിക്കാതെയുള്ള അപര്‍ണയുടെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നുമാണ് കർണിസേന തലവൻ ലോകേന്ദ്രസിങ് കൽവി പ്രതികരിച്ചത്.

ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്. ഒരു രജപുത്രവനിതയായിട്ടും ആ പാട്ടിനൊത്ത് നൃത്തം ചെയ്യാന്‍ അപര്‍ണയ്ക്ക് എങ്ങനെ മനസ്സുവന്നെന്നാണ് കര്‍ണിസേനയുടെ വിമര്‍ശനം. നൃത്തം ചെയ്യാന്‍ അത്രയ്ക്ക് താല്‍പര്യമാണെങ്കില്‍ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന പാട്ടിന്റെ യഥാര്‍ത്ഥ പതിപ്പും മറ്റ് രാജസ്ഥാന്‍ നാടോടി ഗാനങ്ങളും അപര്‍ണയ്ക്ക് അയച്ചുകൊടുക്കാമെന്നും കല്‍വി പറഞ്ഞിട്ടുണ്ട്. വിവാദത്തിലായ പത്മവാതി സിനിമയെ ബീഹാറും നിരോധിച്ചിരുന്നു. ഇതിനു മുന്നേ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പത്മാവതി സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. സിനിമ ബീഹാറിൽ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്നും കോടതി വ്യക്തമാക്കി.