വലിയ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസം ലഭിക്കാതെ മരിച്ചു

രാജ്യ തലസ്ഥാനത്തെ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം നടന്നത്. തണുപ്പില്‍നിന്നും രക്ഷനേടാന്‍ വലിയ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേരാണ് ശ്വാസം ലഭിക്കാതെ മരണപ്പെട്ടത്. കടുത്ത തണുപ്പ് അനുഭവപെട്ടതിനാല്‍ കണ്ടെയ്‌നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം അതു കെടുത്താതെ അവര്‍ കണ്ടെയ്‌നര്‍ അടച്ചു കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

കേറ്ററിങ് പണിക്കാരായ ഇവര്‍ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹ ചടങ്ങില്‍ ഭക്ഷണം ഉണ്ടാക്കാനെത്തിയതാണെന്ന് പോലീസ് പറയുന്നു. ഇവരുടെ സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോള്‍ അവര്‍ ഉണരുന്നില്ല. ഉടന്‍തന്നെ പൊലീസിനെ ഇയ്യാള്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അവ്ധാലും, ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.

അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസ് പറയുന്നു. കേസ് റജിസ്റ്റര്‍ ചെയ്തശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.