സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ്

തിരുവനന്തപുരം : നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ്എടുത്തു. വ്യാജ വിലാസത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. ആഡംബര കാര്‍ വാങ്ങിയതിനു ശേഷം വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസ് നിലവില്‍ വരുന്നത്.കൂടാതെ അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്. നടി അമലാ പോള്‍ , നടന്‍ ഫഹദ് ഫാസില്‍ എന്നിവരും ഇത്തരത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചിരുന്നു. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‍ ഫഹദ് അടയ്ക്കേണ്ട നികുതി മുഴുവന്‍ അടച്ചിരുന്നു. എന്നാല്‍ എന്തൊക്കെ വന്നാലും നികുതി അടയ്ക്കില്ല എന്നാണു അമലാ പോള്‍ പറയുന്നത്.