ഫേസ്ബുക്ക് സ്ഥാപകന്റെ സഹോദരിക്ക് നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം

ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാനത്തിനുള്ളില്‍ സഹയാത്രികന്‍റെ ലൈംഗികാതിക്രമം. റാന്‍ഡി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അതിക്രമവിവരം പുറത്തു വിട്ടത്. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം ഉണ്ടായത്. യാത്രക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന്‍ സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു.

തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയയ്ക്കുകയായിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം സംഭവത്തില്‍ അനാസ്ഥ കാണിച്ച ജീവനക്കാരെ താല്‍ക്കാലികമായി സസ്പ്പെന്റ്റ് ചെയ്തതായി അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചു അറിയിച്ചതായി റാന്‍ഡി പറഞ്ഞു.